Tuesday, May 27, 2008

സഹപ്രവര്‍ത്തകന്‍

മയ്യിതുകള്‍ക്ക് ചിലതു പറായാനുണ്ട്.
മശ്‌ഹൂദ് സൂപിയാര്‍
ചില മയ്യിത്തുകളുടെ മൂക്കീന്നും വായീന്നും രക്തമൊഴുകും. ചിലവയുടെ വയറ്റീന്നു പോകും. കൈകാലുകള്‍ ശക്തിയെടുത്താലും അനക്കാനാവാത്ത മയ്യിത്തുകളുമുണ്ട്. നിങ്ങ പുസ്തകത്തില്‍ വായിച്ചു ചെയ്യുമ്പോലല്ല മയ്യിത്ത് പരിപാലനം. അത് ചെയ്ത് തന്നെ പഠിക്കേണ്ടതാണ്‌.

പറയുന്നത് ഇതിനകം നാലായിരത്തിലധികം മയ്യിത്തുകള്‍ പരിപാലിച്ച ചാലാട് ജുമാഅത്ത് പള്ളിയിലെ ഖാദര്‍ കല്‍ഫ. കഴിഞ്ഞ അറുപത്തിരണ്ടു വര്‍ഷമായി മയ്യിത്തുപരിപാലനം സേവനമാക്കിയ ഖാദര്‍ കല്‍ഫാക്ക് മയ്യിത്തുകളെ പറ്റി പറയുമ്പോഴും പരിപാലിക്കുമ്പോഴും അന്നും ഇന്നും പേടിയില്ല. കോളറ വസൂരി മാറാലികള്‍ നാടിനെ പിടിച്ചു കുലുക്കിയപ്പോഴും ഖാദര്‍ കുലുങ്ങിയിട്ടില്ല. ദിനം പ്രതി മൂന്നെന്ന തോതില്‍ ചാലാട് മഹല്ലിലെ വസൂരി രോഗം ബാധിച്ചു മരിച്ച ശരീരങ്ങള്‍ ഖാസര്‍ മുഖം മൂടിയും കയ്യുറയുമില്ലതെ പരിപാലിച്ചിട്ടുണ്ട്. പിതാവിനെ സഹായിക്കാനിറങ്ങിയ ചെറുപ്രായക്കാരനായ ഖദറിനെ അന്നു ബന്ധുക്കള്‍ വിലക്കി. അവനെകൊണ്ട് രോഗം ബാധിച്ച മയ്യിത്തുകള്‍ കുളിപ്പിക്കേണ്ട. പിതാവ് ബന്ധുക്കളെ സമാധാനിപ്പിച്ചു. ഒന്നും സംഭവിക്കില്ല. തന്റെ പതിനഞ്ചാം വയസ്സില്‍ പിതാവ് കോറോത്ത് അബ്ദുറഹ്മാന്‍ കല്‍ഫയുടെ സഹായിയായാണ് ആദ്യമായി ഖാദര്‍ മയ്യിത്ത് പരിപാലനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഖാദര്‍ കല്‍ഫ മയ്യിത്ത് പരിപാലനം നടത്താന്‍ തുടങ്ങി.
കോളറ വസൂരി കാലങ്ങളില്‍ രണ്ടു മാസത്തിനിടെ മാത്രം നൂറിലധികം മയ്യിത്തുകള്‍ ചാലാട് മഹല്ലില്‍ ഖാദര്‍ കല്‍ഫ കഫന്‍ ചെയ്തിട്ടുണ്ട്. ചില ശരീരങ്ങള്‍ പൊട്ടിയൊലിച്ചിട്ടുണ്ടാകും. ചിലതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടാകും. ഇതൊന്നും കൂസാതെ മയ്യിത്ത് പരിപാലിച്ചത് ഉപ്പയുടെ ധൈര്യത്തിലാണെന്ന് ഖാദര്‍ കല്‍ഫ പറയുന്നു.

മയ്യിത്തു കുളിപ്പിക്കുക കഫന്‍ ചെയ്യുക, മറമാടിയ മയ്യിത്തുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയണ് മയ്യിത്തു പരിപാലനത്തില്‍ പെടുന്നത്. ഇവക്കു വേണ്ടി അന്നുമിന്നു പ്രത്യേക മുന്‍‌കരുതലുകളൊന്നുമെടുക്കാറിലെന്ന് ഖാദര്‍ ഖല്‍ഫ പറയുന്നു. മനസ്സില്‍ നിയത്തും വെച്ച് ഒരിറങ്ങലാണ്‌.

ചൂടുവെള്ളവും പച്ച വെള്ളവും മയ്യിത്തുകള്‍ കുളിപ്പിക്കുന്നതിനു മുറപോലെ ഒഴിക്കും. നിവരാതെ കിടക്കുന്ന മയ്യിത്തുകളൂടെ കൈകാലുകള്‍ നിവര്‍ത്തുവാന്‍ ചൂടുവെള്ള മൊഴിക്കേണ്ടി വരും. നാലായിരത്തിലധികം മയ്യിത്തുകള്‍ നിര്‍‌വികാരനായി പരിപാലിച്ച ഖാദര്‍ പക്ഷേ ഒരു തവണ മയ്യിത്തിനു മുന്നില്‍ പതറി. തന്റെ അനുജന്‍ മുള്ളങ്കണ്ടി പാലത്തിനടുത്ത് കല്‍ഫയായിരുന്ന സൂപ്പിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോഴായിരുന്നു അത്. അന്നു മറ്റുള്ളവരായിരുന്നു മയ്യിത്ത് കുളിപ്പിച്ചത്. ചാലാട് സ്വദേശിയായ ചാത്തോത്ത് അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കല്‍ഫ ഈ എഴുപത്തേഴാം വയസ്സിലും മയ്യിത്ത് പരിപാലനത്തിന്‌ പോകറുണ്ട്. ചാലാട് മഹല്ലിലെ ആയിരത്തിലധികം വീടുകളില്‍ ഇന്നും ഇദ്ദേഹത്തിന്റെ സേവനമെത്തുന്നു. പടന്നപ്പാലം മുതല്‍ പന്നേന്‍പാറ റയില്‍വേ ട്രാക്ക് വരെയും ഒറ്റത്തെങ്ങു വരെയും നീളുന്നതാണ്‌ ഇദ്ദേഹത്തിന്റെ സേവന മേഖല.

കുളിപ്പിക്കാനെത്തുന്ന മയ്യിത്തുകള്‍ ഏതു തരത്തിലുള്ളവയാണെന്ന് പ്രത്യേകിച്ചു നോക്കാറില്ല. അപകട മരണം സന്‍ഭവിച്ചവയുണ്ട്. രോഗം ബാധിച്ചവയുണ്ട്. അകാലമരണം സംഭവിച്ചവയുണ്ട്. ആത്മഹത്യ ചെയ്തവയുണ്ട്. ഇവക്കിടയിലും മുഖത്ത് പുഞ്ചിരിതൂകുന്ന മയ്യിത്തുമുണ്ട്. പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തോടെ ഖാദര്‍ കല്‍ഫ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും മഗ്‌ഫിറത്ത് നല്‍കണേ നാഥാ....

1 comment:

Joker said...

നന്നായിരുക്കുന്നു

ശ്രീ.പുനത്തില്‍ കുഞ്ഞബ്ദുള്‍ലയുടെ അല്ലാപ്പിച്ച മൊല്ലാക്കയെ ഓര്‍ത്തുപോയി.ചിലരങ്ങനെയാണ് , നിയോഗങ്ങള്‍.

(താങ്കളുടെ ഫോണ്ട് സൈസ് ഒന്നു വലുതക്കാമോ വായിക്കാന്‍ തീരെ പറ്റുന്നില്ല)