Tuesday, May 27, 2008

അടിച്ചുമാറ്റിയത്

വേനലവസാനിക്കുമ്പോഴേക്കും തുടങ്ങും കുടക്കമ്പനിക്കാരുടെ പരസ്യം. ഓരോ മഴക്കാലത്തും പുതിയ മോഡലുകള്‍ വിപണിയിലിറക്കുന്നു. പഴയ ഓലക്കുടയില്‍ തുടങ്ങിയ കുടയുടെ ചരിത്രം ( അതിനു മുമ്പ് വാഴയിലയും, ചേമ്പിലയുമായിരുന്നു.) ഇന്ന് ത്രീ ഫോള്‍ഡ് കുടയിലെത്തി നില്‍ക്കുന്നു. മഴയില്ലാത്തപ്പോള്‍ പോക്കറ്റിലിടാം. മഴ വന്നാലോ, ഒന്നു ഞെക്കിയാല്‍ മതി കുട നിവര്‍ന്ന് വരും.

പക്ഷേ, ഈ വര്‍ഷം കേരളത്തിന്റെ കാലാവസ്ഥ ആകെ തകിടം മറിഞ്ഞ മട്ടാണ്. ഇപ്രാവശ്യം വേനല്‍ വളരെ കുറവായിരുന്നു. കാരണം കഴിഞ്ഞ വര്‍ഷത്തെ മഴക്കാലം സാധാരണയിലും വളരെ നീണ്ടതായിരുന്നു. മുമ്പൊന്നും ലഭിക്കാത്ത വിധം വേനല്‍ മഴയും ലഭിച്ചു. ഈ വേനല്‍ മഴയ്ക്ക് ഒരു തുലാവര്‍ഷത്തിന്റെ പ്രതീതിയായിരുന്നു. അതും പോരാഞ്ഞിട്ട് ഈ പ്രാവശ്യം വര്‍ഷകാലം നേരത്തെ വരുമെന്ന്. സാധാരണ ജൂണ്‍ 1ന് തുടങ്ങുന്ന വര്‍ഷകാലം ഒരാഴ്ച മുമ്പേ തുടങ്ങുമെന്നാണ് പ്രവചനം. പ്രവചനം ഫലിക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ വേനല്‍ക്കാലമെന്ന ബഹുമതി ഒരുപക്ഷേ ഈ വര്‍ഷത്തിനായിരിക്കും.

' ഗ്ലോബല്‍ വാമിംഗ് ' മൂലം ലോകം മുഴുവനും ദൃശ്യമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍പ്പെട്ടതാണിതെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും ഇതൊരു ഗൗരവമേറിയ വിഷയമാണ്. പ്രത്യേകിച്ച് കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്ന മലയാളികളെ സംബന്ധിച്ച്. കേരളത്തിലെ പ്രധാന കൃഷിയായ നെല്ലിനെയാണ് ഈ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ബാധിച്ചത്. കുട്ടനാട്ടിലെ ഏക്കറു കണക്കിന് നെല്‍പ്പാടം മഴയില്‍ കുതിര്‍ന്ന് നശിച്ചത് നാം കണ്ടതാണ്. അതോടൊപ്പം നശിച്ചത് കര്‍ഷകരുടെ സ്വപ്നങ്ങളും കൂടിയാണ്. കൂടാതെ വിലക്കയറ്റത്തിന്റെ രൂപത്തില്‍ എല്ലാ വിഭാഗം ജനങ്ങളും അതിന്റെ കെടുതി അനുഭവിച്ചു. ഇങ്ങനെയൊക്കെയുള്ള അവസ്ഥയില്‍ വീണ്ടുമൊരു ജൂണ്‍.

No comments: